fbpx
Saturday, May 18, 2024
HomeVLOGSPUBLIC INTRESTMoidu Kizhisseri The Real Travaler | മൊയ്‌ദു കിഴിശ്ശേരി ലോക സഞ്ചാരിക് ആദരാഞ്ജലികൾ

Moidu Kizhisseri The Real Travaler | മൊയ്‌ദു കിഴിശ്ശേരി ലോക സഞ്ചാരിക് ആദരാഞ്ജലികൾ

ലോക സഞ്ചാരി മൊയ്തു കിഴിശേരി കോവിഡ് ബാധിച്ച് മരിച്ചു.ആദരാഞ്ജലികൾ

 

ലോകസഞ്ചാരി മൊയ്തു കിഴിശേരി മരണപ്പെട്ടു. 61 വയസായിരുന്നു. മലയാളത്തിലെ സഞ്ചാര സാഹിത്യകാരനായിരുന്നു. കോവിഡ് ബാധയെ തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. നിരവധി സഞ്ചാര സാഹിത്യങ്ങള്‍ രചിച്ചിട്ടുണ്ട്. പത്താം വയസില്‍ 50 രൂപയുമായി വീടുവിട്ടിറങ്ങിയ യാത്രയായിരുന്നു അദ്ദേഹത്തിന്റേത്. തുടര്‍ന്ന് 43 രാജ്യങ്ങളിലൂടെ വര്‍ഷങ്ങളോളം സഞ്ചരിച്ചു. വിസയും പാസ്‌പോര്‍ട്ടും ഇല്ലാതെ 24 രാജ്യങ്ങളിലേക്കാണ് ഇദ്ദേഹം നുഴഞ്ഞുകയറിയത്. ഇതിനിടയില്‍ 20 ഭാഷകളും പഠിച്ചു. ഇതിനിടയില്‍ ഇറാനില്‍ സൈനിക സേവനം നടത്തി. ഇറാഖില്‍ ചാരവൃത്തിയും അഫ്ഗാന്‍ മലനിരകളില്‍ ഗറില്ലാ പോരാട്ടങ്ങളിലും ഏര്‍പെട്ടു. ഇറാന്‍ ഇറാഖ് യുദ്ധത്തില്‍ ഇറാന്‍ സൈനികനായി സേവനമനുഷ്ഠിച്ചു. 1980ല്‍ ഇറാനിലെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ഇര്‍നയുടെ റിപ്പോര്‍ട്ടറുമായി. വിഭജന കാലത്ത് പാകിസ്ഥാനിലേക്കു കടന്ന പിതാവ് മൊയ്തുവിന്റെ പിതാവ് പിന്നീട് മക്കയില്‍ പോയി കച്ചവടം നടത്തി. തുടര്‍ന്ന് നഷ്ടത്തിലായ സമ്പാദിച്ചതെല്ലാം വിറ്റ് അദ്ദേഹം നാട്ടിലെത്തി. ഇതോടെ മുഴുപ്പട്ടിണിയിലായ കുടുംബം മൊയ്തുവിനെ പള്ളി ദര്‍സില്‍ കൊണ്ടു പോയി ചേര്‍ത്തുകയായിരുന്നു. നാലാം ക്ലാസ് പഠനം നിര്‍ത്തിയാണ് പൊന്നാനി പള്ളി ദര്‍സില്‍ കൊണ്ടക്കിയത്. ഇവിടെ വച്ച് ഇബ്‌നു ബത്തൂത്തയുടെ സഞ്ചാര കൃതി വായിച്ച് അതില്‍ നിന്നുള്ള പ്രചോദനം ഉള്‍ക്കൊണ്ട് നാടുവിടുകയായിരുന്നു. പത്താം വയസു മുതല്‍ കള്ളവണ്ടി കയറിയും മറ്റും ഇന്ത്യ മുഴുവന്‍ ചുറ്റിക്കറങ്ങി. പിന്നീട് 17ാം വയസില്‍ ലോകം ചുറ്റി സഞ്ചരിക്കുകയായിരുന്നു.

1959ല്‍ ഇല്യന്‍ അഹമ്മദ് കുട്ടി ഹാജിയുടെയും കദിയക്കുട്ടിയുടെയും മകനായി കിഴിശേരിയിലാണ് ജനനം. യാത്രകള്‍ക്കിടയില്‍ ശേഖരിച്ച പുരാവസ്തുക്കളുടെ ഒരു വന്‍ ശേഖരം തന്നെ അദ്ദേഹത്തിന്റെ കിഴിശേരിയിലെ വീട്ടിലുണ്ട്. ഭാര്യ: സഫിയ. മക്കള്‍: നാദിര്‍ഷാന്‍, സജ്‌ന.

നിങ്ങളൊരു യാത്രികനാണോ?യാത്രാ പ്രേമിയാണോ?യാത്രാ കുറിപ്പുകളെ ഇഷ്ടപ്പെടുന്നവനെങ്കിലും ആണോ? ആണെങ്കില്‍ നിങ്ങളീ കഥ അറിഞ്ഞേ പറ്റൂ.. അതെ, ഇതൊരു കഥയാണ്. ഒരു സാഹസിക സഞ്ചാരിയുടെ ജീവിത കഥ. പണക്കാരന്റെ മകനായി കുട്ടിക്കാലം കളിച്ചു കഴിയുന്നതിനിടയില്‍ അപ്രതീക്ഷിതമായി വിരുന്നു വന്ന ദാരിദ്ര്യത്തിന്റെ കയ്പ്പുനീര്‍ രുചിച്ച് പഠനം പോലും പാതിവഴിയില്‍ അവസാനിപ്പിക്കേണ്ടി വന്ന്, വിധി വൈപരീത്യത്തിന്റെ പൊള്ളുന്ന യാഥാര്‍ത്യങ്ങള്‍ മുന്നോട്ടുള്ള വഴിയെ മുള്ത്താരയാക്കിയപ്പോള്‍ ഒരു സാഹസിക യാത്രയെന്ന നിശ്ചയ ദാര്‍ഡ്യത്തിന്റെ കരുത്തുമായി ലോകം ചുറ്റാനിറങ്ങിയ ഒരു മലപ്പുറത്തുകാരന്‍ പയ്യന്റെ കഥ. അദ്ധേഹത്തിന്റെ പേരാണ് മൊയ്തു കിഴിശ്ശേരി.

മൊയ്തു കിഴിശ്ശേരി.
1976 ഡിസംബറില്‍ ലോകം ചുറ്റാന്‍ ഇറങ്ങിപ്പുറപ്പെടുമ്പോള്‍ തന്റെ കയ്യില്‍ പാസ്പോര്‍ട്ടോ വിസയോ മറ്റു യാത്രാ രേഖകളോ ഒന്നും തന്നെ ഇല്ലെന്നത് മോയ്തുവിനു പ്രശ്നമല്ലായിരുന്നു. അത്രക്കുണ്ടായിരുന്നു ആ ഉള്‍വിളിയുടെ കരുത്ത്.അങ്ങിനെ ആകെയുള്ള 50 രൂപയുമായി കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ എങ്ങോട്ടെന്നില്ലാതെ യാത്ര തുടങ്ങാന്‍ ഒരുങ്ങി നില്‍ക്കവേയാണ് പ്ലാട്ഫോം ടിക്കറ്റില്ലാത്തതിന്റെ പേരില്‍ പിടിക്കപ്പെടുന്നത്. മുന്നിലെ വിശാലമായ വഴിയില്‍ താന്‍ നേരിടാന്‍ പോകുന്ന പ്രതിസന്ധികളുടെ ആദ്യ കടമ്പയായിരുന്നു അത്. 15 രൂപ പിഴയടച്ചു തിരിച്ചു വരുമ്പോള്‍ പുറപ്പെടാന്‍ ഒരുങ്ങുന്ന നിസാമുദീന്‍ ട്രെയിനാണ് മുന്നില്‍. ഒന്നും നോക്കാതെ അതില്‍ ചാടിക്കയരുമ്പോള്‍ മോയ്തുവിനു വയസ്സ് 17 ! മൂന്നു വന്കരകളിലൂടെ 24 രാഷ്ട്രങ്ങള്‍ ചുറ്റിത്തിരിഞ്ഞ, സംഭവ ബഹുലതകളാല്‍ ജീവിതത്തിനു പുതിയ നിറവും ഭാവവും നല്‍കിയ 7 വര്ഷം നീണ്ടു നിന്ന അസാധാരണമായ ഒരു സാഹസിക യാത്രക്ക് ഇവിടെ തുടക്കമാവുകയായിരുന്നു.

മുന്‍കൂട്ടി തിരക്കഥയും സംവിധാനവുമെല്ലാം നടത്തി ഒഴുക്കിനനുസരിച്ചു നീങ്ങുക മാത്രം ചെയ്യേണ്ടുന്ന യാത്രകളെ മാത്രം കണ്ടും കേട്ടും പരിചയിച്ച നമുക്ക്, എങ്ങോട്ടെന്നോ എന്തിനെന്നോ ഒരു മുന്‍ധാരണയുമില്ലാതെ ചുറ്റിക്കറങ്ങാന്‍ മാത്രം തീരുമാനിച് രാഷ്ട്രാതിര്‍വരമ്പുകള്‍ക്കപ്പുറത്തേക്ക് ജീവന്‍ പണയം വെച്ചുള്ള, യാത്രാരേഖകള്‍ ഒന്നുമില്ലാതെയുള്ള ഈ യാത്ര ഒരല്ഭുതമായിരിക്കും.
അതിര്‍ത്തിസേനയുടെ കണ്ണ് വെട്ടിച്ച് അതി വിദഗ്ധമായി നുഴഞ്ഞു കയറിയും മരണം മണക്കുന്ന മരുഭുമിയിലെ മണല്ക്കാട്ടിലൂടെ ദിവസങ്ങള്‍ അലക്ഷ്യമായി അലഞ്ഞു നടന്നും കുന്നും മലയും വലിഞ്ഞു കയറിയും കാടും കടലും താണ്ടിയും തോടും പുഴയും മുറിച്ചു കടന്നും ഒട്ടകത്തിലും പായക്കപ്പലിലും എ സി കാറിലും ചരക്കു ലോറിയിലും വിമാനത്തിലും സഞ്ചരിച്ചും ദേശാതിര്‍ത്തികള്‍ക്കപ്പുറത്തെ ജീവിതത്തെ തൊട്ടറിഞ്ഞ് കൂടെക്കൂടുകയായിരുന്നു മൊയ്തു എന്ന പയ്യന്‍.

വാഗ അതിര്‍ത്തിയില്‍ നിന്ന് പിടിക്കപ്പെട്ടിട്ടും പിന്തിരിയാതെ സേനയുടെ കണ്ണ് വെട്ടിച്ച് പാകിസ്ഥാനിലെത്തുന്നു. കുറെ കാലം അവിടെ കഴിഞ്ഞ ശേഷം ബലൂചിസ്ഥാന്‍ മരുഭൂമിയിലൂടെ അന്തമായ അലച്ചിലിനൊടുവില്‍ കാബൂളിലെത്തി. ദാരിദ്ര്യത്തോട് മല്ലടിച്ച് കഴിയുമ്പോഴും ലഹരിക്കയത്തില്‍ മുങ്ങിത്താഴുന്ന ഒരു കൂട്ടം പാവങ്ങളെ കണ്ടറിഞ്ഞ ശേഷം അവിടം വിടുന്നു. താജികിസ്ഥാനും ഉസ്ബെക്കിസ്ഥാനും കസാക്കിസ്ഥാനും കറങ്ങി വീണ്ടും കാബൂള്‍ വഴി കാണ്ടഹാറില്‍. പിന്നെ പാക്കിസ്ഥാനിലേക്ക് തന്നെ. 28 ദിവസത്തെ ജയില്‍വാസവും കഴിഞ്ഞ് ഇറാനിലെത്തുമ്പോള്‍ ആഭ്യന്തര കലാപത്തിന്റെയും ഇറാഖുമായുള്ള യുദ്ധത്തിന്റെയുമൊക്കെ കലുഷിതമായ അന്തരീക്ഷമായിരുന്നു അവിടം. കുറെ കാലം അവിടെ കഴിഞ്ഞ് കൂടുന്നടിനിടയില്‍ ഒരു ഇറാന്‍ പത്രത്തില്‍ റിപ്പോര്ട്ടരായി ജോലി തരപ്പെട്ടു. അതു കഴിഞ്ഞ് തുര്‍ക്കിയിലേക്ക്. യാത്രയില്‍ തന്നോട് ഏറ്റവും ഇഴുകിച്ചേര്‍ന്ന നാടായിരുന്നു മോയ്തുവിനു തുര്‍ക്കി. അകാലത്തില്‍ മരണപ്പെട്ട മകനാണെന്ന് കരുതി തന്നെ കണ്ടു മോഹാലസ്യപ്പെടുന്ന ഒരുമ്മയും കുടുംബവും ആ മകന്റെ ഐ ഡി യും ഡ്രെസ്സും മറ്റും നല്‍കി ആ കുടുംബത്തിലെ ‘അവനാ’യി മാറാന്‍ നിര്‍ബന്ധിച്ചത്, തുര്‍ക്കി ഭാഷയും സംസ്കാരവും പഠിക്കാന്‍ കോളേജ് പഠനം, വഴിപോക്കനാണെന്നറിഞ്ഞിട്ടും സ്നേഹം കൊണ്ട് വീര്‍പ്പു മുട്ടിച്ച് ജീവിതത്തിലേക്ക് ക്ഷണിക്കുന്ന പ്രണയിനി, ചാരനെന്ന് മുദ്ര കുത്തപ്പെട്ട് ജയില്‍ വാസം.. തുടങ്ങി കുറച്ചൊന്നുമല്ല അനുഭവങ്ങള്‍ കൊണ്ട് തുര്‍ക്കി മൊയ്തുവിന്റെ ജീവിതത്തിന്റെ ഭാഗമാവുന്നത്. ഈ സഞ്ചാരത്തിനിടയില്‍ മൊയ്തു കൂടുതല്‍ തങ്ങിയതും തുര്‍ക്കിയില്‍ തന്നെ. പിന്നീട് റഷ്യ, ചെച്നിയ, ഉക്രൈന്‍, ലിബിയ, അള്‍ജീരിയ, ടുണീഷ്യ ഒക്കെ കഴിഞ്ഞ് സാംസ്കാരിക തനിമ കൊണ്ട് ചരിത്രത്തിലിടം കിട്ടിയ പിരമിഡുകളുടെ നാടായ ഈജിപ്തില്‍ . ശേഷം സിറിയ വഴി ഇറാഖില്‍ കടന്ന് ജോര്‍ദാന്‍ നദി നീന്തിക്കടന്ന് ഫലസ്തീനില്‍ വീണ്ടും ജോര്‍ദാനില്‍ വന്നത് അതിര്‍ത്തി കടന്ന് സൗദിയിലെ പുണ്യഭൂമിയിലെത്താനയിരുന്നു. പക്ഷെ ലക്ഷ്യം പിഴപ്പിച്ച സൈന്യം വെച്ച വെടി ഉന്നം പിഴച്ചെങ്കിലും അടുത്തത് ഉന്നം പിഴക്കില്ലെന്നു പറഞ്ഞു ആട്ടിയപ്പോള്‍ തന്റെ രണ്ടാം പരാജയമെന്ന് മൊയ്തു അതിനെ വിലയിരുത്തി പിന്‍വാങ്ങി.

ഇടക്ക് പെറ്റുമ്മയെകുറിച്ച് തികട്ടി വരുന്ന ഓര്‍മ്മ ഒരു മടക്ക യാത്രയെക്കുറിച്ച് ചിന്തിപ്പിക്കുന്നു. അങ്ങിനെ തുര്‍ക്കി- ഇറാന്‍ – പാകിസ്താന്‍ വഴി ഇന്ത്യയിലേക്ക്‌ മടക്കം. അതോടെ, ഒരു പുരുഷായുസ്സിന്റെ, ആനന്ദത്തിമര്‍പ്പില്‍ ആറാടിക്കഴിയേണ്ട രക്തത്തിളപ്പിന്റെ യൗവന കാലത്തില്‍ നിന്നും വലിയൊരു ഭാഗം ചിലവഴിച്ചു നടത്തിയ, വ്യത്യസ്ത ജീവിതങ്ങളുടെ ഭാവപ്പകര്‍ച്ചകള്‍ കൊണ്ട് വിസ്മയതിന്റെ പുതിയൊരദ്ധ്യായം സമ്മാനിച്ച, വര്‍ഷങ്ങളുടെ ദൈര്‍ഖ്യമുള്ള ഒരസാധാരണ സഞ്ചാരത്തിന് വിരാമമിട്ട് 1984 ജനുവരി 1 ന് കിഴിശ്ശേരിയില്‍ മടങ്ങിയെത്തുമ്പോള്‍ പോക്കറ്റില്‍ വെറും 40 പൈസ മാത്രം ബാക്കിയുണ്ട്. അന്ന് വയസ്സ് 24 ..
‘ദൂര്‍ കെ മുസാഫിര്‍’ -മാതൃഭുമി ബുക്സ്
തുര്‍ക്കിയിലെ ഭരണാധികാരിയായിരുന്ന കമാല്‍ പാഷയെ കുറിച്ച് ഒരിക്കല്‍ വിവരം തപ്പുന്നതിനിടയിലാണ് അവിചാരിതമായി മൊയ്തു കിഴിശ്ശേരിയുടെ ആദ്യ ബുക്കായ “തുര്‍ക്കിയിലേക്കൊരു സാഹസിക യാത്ര” കയ്യിലെത്തുന്നതെങ്കില്‍ അടുത്ത ബുക്കായ “ദൂര്‍ കെ മുസാഫിര്‍” ഞാന്‍ തപ്പിപ്പിടിച്ച്‌ വാങ്ങിയതായിരുന്നു. തുര്‍ക്കി അത്രയ്ക്ക് പ്രിയപ്പെട്ടത് കൊണ്ടാണ് ആദ്യ ബുക്കിനു അങ്ങിനെ പേരിട്ടതെന്ന് വായിച്ചപ്പോള്‍ മനസ്സിലായി. ആ പുസ്തകത്തിലുടനീളം അതാതു രാജ്യങ്ങളിലെ മത- രാഷ്ട്രീയ-സാംസ്കാരിക പരിസരങ്ങളെയും ഭംഗിയായി പറഞ്ഞു വെച്ചിരിക്കുന്നു. എന്നാലും പലപ്പോഴും യാത്രാ കുറിപ്പുകളിലൊക്കെ കാണും പോലെ ഇടക്കുള്ള ചരിത്ര പശ്ചാത്തലത്തെ വിശദീകരിക്കല്‍ ചിലര്‍ക്കെങ്കിലും അനവസരത്തിലുള്ള കടന്ന് കയറ്റമായി തോന്നിയേക്കാം. എന്നാല്‍ ‘ദൂര്‍ കെ മുസാഫിര്‍’ ല്‍ അങ്ങിനെയുള്ള വിശദീകരണങ്ങളൊന്നും ഇല്ല. തല മുതല്‍ ഒടു വരെ ഒരൊറ്റ പറച്ചിലായി കൊണ്ട് പോവുകയാണ് ചെയ്യുന്നത്.മാത്രമല്ല ആഗ്രഹിക്കാതെ കടന്നു വന്ന പ്രണയാനുഭവങ്ങള്‍ ഇതില്‍ കൂടുതലായി വിവരിക്കുന്നുമുണ്ട്.

യാത്രയില്‍ നേരിടേണ്ടി വന്ന മധുരിക്കുന്നതും കൈപ്പേറിയതുമായ അനുഭവങ്ങള്‍ തന്നെയാണ് രണ്ടു പുസ്തകത്തിലും നമ്മെ ഏറ്റവും കൂടുതല്‍ ആകര്‍ഷിക്കുക. തല മുകളിലൂടെ പായുന്ന വെടിയുണ്ടകളും, ഷെല്‍ വര്‍ഷത്തില്‍ കണ്മുന്നിലുള്ളവര്‍ മരിച്ചു വീഴുന്നതും, ജയില്‍ വാസവും, യൂഫ്രെട്ടീസിന്റെ കുത്തൊഴുക്കില്‍ നിന്ന് ജീവന്‍ തിരിച്ചു കിട്ടുന്നതും, പട്ടാളക്കാരോടൊപ്പം ഇറാന്‍-ഇറാഖ് യുദ്ധത്തില്‍ പങ്കെടുക്കുന്നതും, ഒരാള്‍ വീട്ടിലേക്കു കൂട്ടിക്കൊണ്ടു പോവുകയും പൂമുഖത്തെ ഫ്രൈം ചെയ്തു വച്ച തന്റെ ഫോട്ടോ കണ്ടു അന്തം വിട്ടു നില്‍ക്കുമ്പോള്‍ അകത്തു നിന്ന് വന്ന ഉമ്മ തന്നെ കണ്ടു കുഴഞ്ഞു വീഴുന്നതും, മരുഭൂമിയിലൂടെ മരണത്തെ മുന്നില്‍ കണ്ട് അന്നപാനീയങ്ങളില്ലാതെ ദിക്കറിയാതെ അലയുന്നതും, ചെങ്കുത്തായ ഉരുളന്‍ കല്ലുകളുടെ ചെരുവില്‍ നിന്ന് മരണക്കയത്തിലേക്ക് ഉരുളുമ്പോള്‍ പിടിവള്ളി രക്ഷക്കെത്തുന്നതും, അതിര്‍ത്തി കടക്കാന്‍ മറ്റു മാര്‍ഗങ്ങളില്ലാതെ വരുമ്പോള്‍ ഓടുന്ന ട്രെയിനില്‍ നിന്ന് എടുത്തു ചാടുന്നതും, ജയിലില്‍ പോലീസ് മേധാവികളുടെ സ്വീകരണ ചടങ്ങും, കൊടും കാട്ടിലെ അന്തിയുറക്കവും, ഒറ്റപ്പെടലിനെ ഒരാനന്ദമായി കരുതുമ്പോഴും നിഷ്കളങ്കമായ സ്നേഹം കൊണ്ട് ജീവിതത്തിനു പുതിയ അര്‍ഥങ്ങള്‍ നല്‍കുന്ന വിളിക്കാതെ കടന്നു വരുന്ന പ്രനയഭാജനങ്ങളും, അവരെ പിരിയേണ്ടി വരുന്ന വികാര നിര്‍ഭരമായ രംഗങ്ങളും, മനമില്ലാ മനസ്സോടെ ഉറപ്പിച്ച നിക്കാഹിന്റെ ആറു ദിവസം മുന്നേ നിവൃത്തിയില്ലാതെ മുങ്ങുന്നതും എല്ലാം നമ്മെ ജിജ്ഞാസയുടെ അങ്ങേത്തലക്കല്‍ എത്തിക്കുന്ന അനുഭവങ്ങളില്‍ ചിലത് മാത്രം.യാത്രക്കാവശ്യമായ പണം മൊയ്തുവിനെ തേടി എത്തുന്നത് വിവിധങ്ങളായ വഴികളിലൂടെയായിരുന്നു. ടൂറിസ്റ്റുകള്‍ക്ക് ഗൈഡ് ആയും പത്ര പ്രവര്‍ത്തകനായും മറ്റും ജോലി നോക്കിയിരുന്നെങ്കിലും, കാര്യമായി മൊയ്തുവിനെ സഹായിച്ചത് യാത്രയിലുടനീളം കഥ കേള്‍ക്കുന്ന നാട്ടുകാരും മറ്റും ‘യാത്രക്കാരന്’ ഒറ്റക്കും കൂട്ടമായി പിരിവെടുത്തും നല്‍കുന്ന കൈമടക്കുകളായിരുന്നു.

ഈ പുസ്തകങ്ങള്‍ ഒരുപാട് തവണ വായിച്ചപ്പോള്‍ പലപ്പോഴും കണ്ണടച്ച് കിടന്ന് , വിശാലമായ ഈ ഭൂമിയിലൂടെ മനുഷ്യന്‍ സൃഷ്ടിച്ച അതിര്‍വരമ്പുകള്‍ക്കപ്പുറത്തേക്ക്, രേഖകള്‍ കൊണ്ട് വിലക്ക് വാങ്ങേണ്ടുന്ന അനുമതി വേണ്ടാതെ, പ്രകൃതിയെയും അതിന്റെ ജീവല്തുടിപ്പുകളെയും തൊട്ടറിഞ്ഞു കൊണ്ടുള്ള ഒരു അലച്ചില്‍ സ്വപ്നം കാണാന്‍ തുടങ്ങുമ്പോഴേക്കു പൊടുന്നനെ മനസ്സ് ‘അസംഭവ്യം’ എന്ന് വിലക്കുന്നുവെങ്കിലും, കൊതിച്ചു പോവുന്നു കഴിഞ്ഞിരുന്നെങ്കില്‍ എന്ന്…

എഴുത്ത്

Azees.OK🚲

#moidukizhissery #realtraveler Subscribe :https://www.youtube.com/sambarworld Facebook : https://www.facebook.com/sambarworld Website : http://www.sambarworld.com 👆👆👆Follow us on👆👆👆.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments